
ഖത്തര്‍ സമയം തിങ്കളാഴ്ച രാത്രി 7.30ഓടെ ബാലിസ്ററിക് മിസൈലുകള്‍ അയച്ചായിരുന്നു ഇറാന്‍റെ ആക്രമണം. "ബശാഇര്‍ അല്‍ ഫതഹ്' എന്ന് പേരിട്ടാണ് അമേരിക്കന്‍ വ്യോമതാവളത്തിനു നേരെ രാത്രിയോടെ ആക്രമണം നടത്തിയത്. ആക്രമണം ഖത്തറും ഇറാനും സ്ഥിരീകരിച്ചു.
ജനവാസ മേഖലയില്‍ മിസൈല്‍ പതിച്ചതായി ഇതുവരെ വിവരങ്ങളൊന്നുമില്ല. ആളപായമോ, പരിക്കോ ഇല്ലെന്ന് ഖത്തര്‍ അറിയിച്ചു. ഖത്തറിന്‍റെ തെക്ക്പടിഞ്ഞാറന്‍ മേഖലയിലെ മരുഭൂമിയിലാണ് അല്‍ ഉദൈദ് അമേരിക്കന്‍ വ്യോമതാവളം പ്രവര്‍ത്തിക്കുന്നത്. അമേരിക്ക ഇറാനിലെ ഫോര്‍ദോ ഉള്‍പ്പെടെയുള്ള മൂന്നു ആണവ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതിനുള്ള തിരിച്ചടിയായാണ് ഇറാന്‍ ഖത്തറിലെ യു.എസിന്‍റെ വ്യോമതാവളത്തിനുനേരെ ആക്രമണം നടത്തിയത്.
അതേസമയം, ഇറാന്‍റെ മിസൈല്‍ ആക്രമണം വിജയകരമായി പ്രതിരോധിച്ചതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്തിനെതിരായ ഏത് ഭീഷണിയെയും നേരിടാന്‍ സൈനികമായി സജ്ജമാണെന്നും അറിയിച്ചു. സ്വദേശികളും താമസക്കാരും ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സൈനിക താവളങ്ങള്‍ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടിയന്തര യോഗം വിളിച്ചു. വൈകീട്ട് 6.45ഓടെ ഖത്തര്‍ വ്യോമ പരിധി അടച്ചതായി വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് മിസൈല്‍ ആക്രമണം ആരംഭിച്ചത്. തലസ്ഥാനമായ ദോഹയിലും അല്‍ വക്റ, ഐന്‍ ഖാലിദ്, ഇന്‍ഡസ്ട്രിയല്‍ ഏരിയ ഉള്‍പ്പെടെ ജനവാസ മേഖലയിലും വലിയ ശബ്ദം അനുഭവപ്പെട്ടു. രാത്രി 7.30ഓടെ ആകാശത്ത് മിസൈലുകള്‍ ദൃശ്യമാകുന്നതും മിസൈല്‍വേധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തടയുന്നതും ദൃശ്യമായി.
തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം 6.45ഓടെയാണ് വ്യോമ പാത താല്‍കാലികമായി അടച്ചതായി ഖത്തര്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഹമദ് അന്താരാഷ്ട്ര വിമാനത്താളവളത്തിലേക്കുള്ള മുഴുവന്‍ വിമാന സര്‍വിസുകളെയും, ഖത്തര്‍ വ്യോമപരിധി ഉപയോഗപ്പെടുത്തുന്ന മറ്റു വിമാനങ്ങളെയും ഇത് ബാധിക്കും. യുഎഇ, ബഹ്റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്.

Comments: